പാലക്കാട്: കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്ക് കുരുക്കായി മുൻ ഫേസ്‌ബുക്ക് പോസ്റ്റുകൾ വൈറലാകുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിലേക്ക് ചേക്കേറിയതിന് തൊട്ടു പിന്നാലെയാണ് ഇവയുടെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നത്.

പാകിസ്താനിലേക്ക് പോകാനാഗ്രഹിക്കുന്ന കാശ്മീരികളെ വംശഹത്യ ചെയ്യണമെന്നുള്ള ആഹ്വാനം മുൻപ് ഏറെ വിവാദമായിരുന്നു. പിന്നീട് സ്വന്തം അഭിപ്രായത്തെ തള്ളിപ്പറഞ്ഞു കൊണ്ട് തടിയൂരുകയായിരുന്നു സന്ദീപ് ചെയ്തത്.

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേരയെ കളിയാക്കുന്ന പോസ്റ്റും വൈറലാണ്. പൊതു തെരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ രാജ്യത്തുണ്ടാകാതിരുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും നിലപാടുകളെയും സന്ദീപ് പരിഹസിച്ചിരുന്നു

രാഹുൽ ഗാന്ധിയെ കോട്ടക്കൽ അല്ല കുതിരവട്ടത്താണ് കൊണ്ടുപോകേണ്ടത് എന്നുപദേശിച്ച സന്ദീപ് , രാഹുലിന്റെ മിസ് ഇന്ത്യ പ്രസ്താവനയെയും വിമര്ശിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടാൻ പാലക്കാട്ടെ ഇപ്പോഴത്തെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച സംഭവത്തിൽ സന്ദീപ് പ്രതികരിച്ചതും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു രാജ്യദ്രോഹിയാണ് എന്നുള്ള സന്ദീപ് വാര്യരുടെ പ്രസ്താവനയും പ്രചരിക്കുന്നുണ്ട്.
കെ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അവഹേളിച്ച സംഭവം പറഞ്ഞു കൊണ്ടും സന്ദീപ് പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ നടത്താൻ ശ്രമിച്ച നാടകവും സന്ദീപ് പരാമർശിച്ചിട്ടുണ്ട്.

ഒരു ചാനൽ ചർച്ചക്കിടയിൽ ജ്യോതികുമാർ ചാമക്കാലയുമായി ഇടഞ്ഞ സന്ദീപ് നടത്തിയ പരാമർശങ്ങളും കോൺഗ്രെസ്സുകാരെ വിമർശിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.















