അബുജ: പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി നൈജീരിയയിലെ ഇന്ത്യൻ സമൂഹം. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ആദ്യഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്. ഇന്ത്യൻ സമൂഹം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.
നൈജീരിയയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണം മനസ് നിറയ്‌ക്കുന്നുവെന്നും ഹൃദയസ്പർശിയാണെന്നും നരേന്ദ്ര മോദി സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു. മറാത്തി ഭാഷയ്‌ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിൽ നൈജീരിയയിലെ മറാത്തി സമൂഹം സന്തോഷം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംഘത്തിലൊരാൾ പ്രധാനമന്ത്രിയുടെ ഛായചിത്രം സമ്മാനിച്ചു.
പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ അദ്ദേഹവുമായി സംവദിക്കാനുള്ള ആവേശത്തിലായിരുന്നു ഇന്ത്യൻ പ്രവാസികൾ. തങ്ങൾ ഈ ദിനത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം നൈജീരിയയയുടെ മണ്ണിലെത്തിയതിൽ അഭിമാനമുണ്ടെന്നും ധീരേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു.
Heartwarming to see the Indian community in Nigeria extending such a warm and vibrant welcome! pic.twitter.com/QYfAUOpqRO
— Narendra Modi (@narendramodi) November 16, 2024
17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പശ്ചിമാഫ്രിക്കൻ രാജ്യത്തേക്ക് സന്ദർശനം നടത്തുന്നത്.
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രിയെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം എസെൻവോ വൈക്കാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയും പ്രിതനിധികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. നൈജീരിയയ്‌ക്ക് പുറമേ ബ്രസീൽ, ഗയാന എന്നിവടങ്ങളിലും പ്രധാനമന്ത്രി പര്യടനം നടത്തും. നവംബർ 21 വരെയാണ് സന്ദർശനം.















