തിരുവനന്തപുരം: ‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയിൽ നിലച്ചു. വിതരണത്തിനായി കെഎസ്ഇബി വാങ്ങിക്കൂട്ടിയ എൽഇഡി ബൾബുകൾ ഓഫീസുകളിൽ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു. 81,000 ബൾബുകളാണ് ഉപയോഗശൂന്യമായത്.
54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തിൽ 7.36 കോടി രൂപയാണ് കെഎസ്ഇബി നൽകാനുള്ളത്. മൂന്ന് വർഷത്തെ ഗ്യാരൻ്റി കാലാവധിയുള്ളവയായിരുന്നു ഈ ബൾബുകൾ. എന്നാൽ ഒക്ടോബർ 31-ന് കാലാവധി അവസാനിച്ചു. പഴയ സിഎഫ്എൽ, ഇൻകാൻഡസെൻ്റ് ബൾബുകൾ കെഎസ്ഇബി ഓഫീസുകളിൽ ശേഖരിച്ചിരുന്നു. പകരം എൽഇഡി ബൾബുകൾ നൽകുന്നതായിരുന്നു പദ്ധതിയ ഇവ സംസ്കരിക്കാൻ ബൾബ് ഒന്നിന് അഞ്ച് രൂപ നിരക്കിൽ വാങ്ങിയിരുന്നു.
ഈ ബൾബുകൾ അങ്കണവാടികൾ, 50 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ, ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ ഈ എൽഇഡികൾ വിതരണം ചെയ്യാനാണ് കെഎസ്ഇബിയുടെ നീക്കം. 2018-ലാണ് പദ്ധതി ആരംഭിച്ചത്. 80 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക് ഫിലമെൻ്റ്, സിഎഫ്എൽ ബൾബുകൾക്ക് പകരം സൗജന്യ നിരക്കിൽ എൽഇഡി ബൾബുകൾ നൽകുകയായിരുന്നു ലക്ഷ്യം. പദ്ധതിയിൽ കേവലം 19 ലക്ഷം പേർ മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇത് വൻ തിരിച്ചടിയാണ് സർക്കാരിന് നൽകിയത്.















