ലഖ്‌നൗ : ഉത്തർപ്രദേശിലെ ആദ്യത്തെ ആയുഷ് സർവ്വകലാശാലയായ മഹായോഗി ഗുരു ഗോരഖ്‌നാഥ് ആയുഷ് യൂണിവേഴ്സിറ്റി ഗോരഖ്പൂരിൽ 2024 ഡിസംബറോടെ പ്രവർത്തനക്ഷമമാകും. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ആരോഗ്യ ചികിത്സാ പദ്ധതികളിൽ ഈ സർവ്വകലാശാല സവിശേഷമായ കോഴ്സുകൾ വാഗ്ദാനം ചെയ്യും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രധാന അഭിലാഷങ്ങളിലൊന്നാണ് പദ്ധതി.2021 ഓഗസ്റ്റ് 28 ന് അന്നത്തെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദാണ് സർവകലാശാലയുടെ തറക്കല്ലിട്ടത്. ഗോരഖ്പൂരിൽ 52 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനം, ആയുഷ് വിഭാഗങ്ങളിൽ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ സേവനങ്ങൾ എന്നിവയ്‌ക്ക് ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
2023 ഫെബ്രുവരി 15-ന് ആയുഷ് ഔട്ട് പേഷ്യൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സേവനങ്ങൾ ആരംഭിച്ചതോടെ സർവ്വകലാശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം,ഡോക്ടറൽ ബിരുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രോഗ്രാമുകൾ നടത്താൻ സർവകലാശാല സജ്ജമാണ്. പരമ്പരാഗത ഔഷധ സമ്പ്രദായങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയുഷിൽ ഒരു പിഎച്ച്ഡി കോഴ്സും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യത്തുടനീളം ആരോഗ്യ സംരക്ഷണത്തിൽ ആയുഷിന്റെ സാധ്യത വിപുലീകരിക്കുന്നതിൽ സർവകലാശാല ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.















