നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ വാർത്ത പുറത്തുവന്നതുമുതൽ ഓരോ ചടങ്ങുകളും ആകാംക്ഷയോടെ വീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളുടെ പേരും വിവാഹത്തിന്റെ മുഹൂർത്തവും സഹിതം കത്തിലുണ്ട്.
ഈ വർഷം ഡിസംബറിലാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയുംവിവാഹിതരാകുന്നത്. അതിഥികളോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി, വിവാഹ ക്ഷണക്കത്തിനൊപ്പം ഒരു ഗുഡീസ് ബാസ്‌ക്കറ്റും (സമ്മാനപ്പെട്ടി) വിതരണം ചെയ്തിട്ടുണ്ട്. പെട്ടിക്കുള്ളിൽ പരമ്പരാഗത രീതിയിൽ നിർമ്മിച്ച ക്ഷണ പത്രികയ്‌ക്കൊപ്പം പട്ടുസാരി, അല്ലെങ്കിൽ ദുപ്പട്ട, മധുര പലഹാരങ്ങൾ, പൂക്കൾ എന്നിങ്ങനെ വ്യത്യസ്തമായ സമ്മാനങ്ങൾ നിറച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, മണികൾ, പശുക്കൾ എന്നിവയുടെ ചിത്രങ്ങൾ സംയോജിപ്പിച്ചിട്ടുള്ള തെലുങ്ക് സംസ്കാരത്തിൽ വേരൂന്നിയ പരമ്പരാഗത ക്ഷണക്കത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്.

അക്കിനേനി കുടുംബത്തിന് വൈകാരിക പ്രാധാന്യമുള്ള ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാകും വിവാഹ ചടങ്ങുകളെന്നാണ് സൂചന. നാഗചൈതന്യയുടെ പരേതനായ മുത്തച്ഛനും ഇതിഹാസ നടനുമായ അക്കിനേനി നാഗേശ്വര റാവു (ANR) നിർമ്മിച്ച സ്റ്റുഡിയോയാണിത്. ചടങ്ങുകൾ കഴിയുന്നത്ര പരമ്പരാഗതവും സ്വകാര്യവുമാക്കാനാണ് ഇരുകൂട്ടരുടെയും തീരുമാനം. ശോഭിത മേക്കപ്പിനായി പ്രത്യേകം സ്റ്റൈലിസ്റ്റിനെയോ മെഗാ ടീമിനെയോ നിയമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം.















