2024ൽ ഇതുവരെ സൗദി അറേബ്യയിൽ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്. ഇതോടെ, 2024-ൽ സൗദി അറേബ്യയിൽ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാൾ മൂന്നിരട്ടി വിദേശികൾ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു.
ഇതാദ്യമായാണ് സൗദിയിൽ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ESOHR) ലീഗൽ ഡയറക്ടർ താഹ അൽ ഹാജി പറഞ്ഞു. അതേസമയം സൗദിയിൽ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.
ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളിൽ പാകിസ്താനിൽ നിന്നുള്ളവരാണ് അധികവും. 21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയിൽ നിന്ന് 14, നൈജീരിയയിൽ നിന്ന് 10, ഈജിപ്തിൽ നിന്ന് ഒമ്പത്, ജോർദാനിൽ നിന്ന് എട്ട്, എത്യോപ്യയിൽ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു.