ധാക്ക: ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരികെ കൈമാറാൻ ഇടക്കാല സർക്കാർ ആവശ്യപ്പെടുമെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും, ഇടക്കാല സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് മുഹമ്മദ് യൂനുസ് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും, സ്വേച്ഛാധിപതിയായ ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 1500 പേർ കൊല്ലപ്പെട്ടുവെന്നും, 19,931 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് യൂനുസ് അവകാശപ്പെടുന്നത്. ഓരോ മരണത്തിന്റേയും വിവരങ്ങൾ സർക്കാർ കൃത്യമായി ശേഖരിച്ചിട്ടുണ്ടെന്നും യൂനുസ് പറയുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. ഹിൻഡൻ എയർബേസിൽ ഇറങ്ങിയ ഷെയ്ഖ് ഹസീന നിലവിൽ അജ്ഞാത കേന്ദ്രത്തിലാണുള്ളത്. മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന കേസുകളിൽ എല്ലാ സംഭവങ്ങളും തന്റെ സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും യൂനുസ് അവകാശപ്പെടുന്നു. ” ഹിന്ദുക്കൾ മാത്രമല്ല, രാജ്യത്തെ ഓരോ പൗരനും ആക്രമണങ്ങൾക്ക് ഇരയാകാതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ചില സമയങ്ങളിൽ അവരും ആക്രമണത്തിന് ഇരയായിട്ടുണ്ട്. പക്ഷേ അത് സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകളിൽ ചിലത് അതിശയോക്തി കലർന്നതാണ്. രാഷ്‌ട്രീയപരമായ കാരണങ്ങളുടെ പേരിലാണ് ചില അക്രമങ്ങൾ സംഭവിച്ചത്. അതിന് മതത്തിന്റെ നിറം നൽകേണ്ടതില്ല. പുതിയ സർക്കാർ അധികാരത്തിലെത്തി രണ്ട് മാസത്തിന് ശേഷം രാജ്യത്തുടനീളമുള്ള 32,000 ഇടങ്ങളിൽ ദുർഗാപൂജ ആഘോഷിച്ചതായും” മുഹമ്മദ് യൂനുസ് അവകാശപ്പെടുന്നു.















