ന്യൂയോർക്ക്: ഓവന്റെ ഉള്ളിൽ കുഞ്ഞുങ്ങളെ വച്ച് ചുട്ടുകൊന്ന അമ്മയ്‌ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയും 24കാരിയുമായ ലാമോറ വില്യംസാണ് തന്റെ രണ്ട് കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്. ഒരു വയസും, രണ്ട് വയസും പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ലാമോറ കുറ്റക്കാരിയാണെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്ക് 35 വർഷം അധികതടവ് കൂടി അനുഭവിക്കേണ്ടി വരും.
ഒരു മണിക്കൂർ ഇടവേളയിലാണ് ഇവർ തന്റെ രണ്ട് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത്. 2017ലാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോയി തിരികെ വന്നപ്പോൾ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികളുടെ പിതാവ് ജമീൽ പെന്നു ഭാര്യയ്‌ക്കെതിരായി പൊലീസിന് മൊഴി നൽകി. സംഭവസമയം തനിക്ക് ഭാര്യ വീഡിയോ കോൾ ചെയ്തിരുന്നുവെന്നും, അതിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടുവെന്നുമാണ് ഇയാൾ പറഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തി പരിശോധനയിലാണ് രണ്ട് കുഞ്ഞുങ്ങളേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. കുഞ്ഞുങ്ങളുടെ തല ഓവനുള്ളിൽ കുറച്ചധികം നേരം വച്ചിട്ടുണ്ടാകാമെന്നും, ശരീരത്തിൽ പൊള്ളിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. യുവതി മനപൂർവമാണ് ഈ ഹീനകൃത്യം ചെയ്തതെന്ന് പൊലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ പറയുന്നു. എന്നാൽ താൻ നിരപരാധിയാണെന്നാണ് ലാമോറയുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അതേസമയം ലാമോറയ്‌ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ അമ്മയായ ബ്രെൻഡ പറയുന്നത്. ജയിലിൽ വച്ചും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്നും പ്രത്യേക നിരീക്ഷണത്തിൽ ആക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.















