പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ -2. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന ഫഹദിന്റെ പ്രകടനം കാണാൻ ഏറെ ആവേശത്തോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ-2 ലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടി നസ്രിയ. താരത്തിന്റെ പുതിയ സിനിമ സൂക്ഷമദർശിനിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് പ്രതികരണം.
“പുഷ്പയുടെ ആദ്യ ഭാഗത്തേക്കാൾ ഫഹദിന് ഏറ്റവും കൂടുതൽ സീനുള്ളത് പുഷ്പ -2 ലാണ്. ആദ്യ ഭാഗത്തിൽ ഇൻട്രോയിൽ മാത്രമാണ് ഫഹദ് ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തിലാണ് ശരിക്കുമുള്ള ഫാഫയെ പ്രേക്ഷകർ കാണാൻ പോകുന്നത്.
ഒരുപാട് പരാജയങ്ങളിൽ നിന്നാണ് ഫഹദ് ഫാസിൽ ഇന്ന് കാണുന്ന ഒരു സൂപ്പർ സ്റ്റാറായത്. കരിയർ തുടങ്ങിയപ്പോൾ തന്നെ ഒരുപാട് മോശം അനുഭവങ്ങൾ ഫഹദിന് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നൊക്കെയാണ് ജീവിതത്തെ കുറിച്ച് ഫഹദ് പഠിച്ചത്. എല്ലാവർക്കും എല്ലായിടത്തും അവരുടേതായ ഒരു സ്പെയിസ് ഉണ്ടെന്നാണ് ഫഹദ് വിശ്വസിക്കുന്നതെന്നും നസ്രിയ പറഞ്ഞു.
എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് വളരെ രസകരമായാണ് നസ്രിയ മറുപടി നൽകിയത്. എല്ലാവർക്കും ഉള്ളത് പോലെ സങ്കടവും ദേഷ്യവും എനിക്കും ഉണ്ടാകാറുണ്ട്. മോശം ദിവസങ്ങളും ജീവിതത്തിൽ വരും. പക്ഷേ, അതിനെ കുറിച്ചൊന്നും ഓർക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതം വളരെ കുറച്ച് കാലം മാത്രമാണുള്ളത്. അതിനാൽ പരമാവധി സന്തോഷമായി ജീവിക്കുന്നതാണ് നല്ലതെന്നും നസ്രിയ പറഞ്ഞു.