കൊളംബൊ: ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ സാന്നിധ്യത്തിലായിരുന്നു 22 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി തുടരും.
തലസ്ഥാനമായ കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. പ്രസിഡൻറ് അനുര കുമാര ദിസനായകെ ഹരിണി അമരസൂര്യയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി പദത്തിന് പുറമെ ഉന്നത വിദ്യാഭ്യാസവും ഹരിണി കൈകാര്യം ചെയ്യും. ധനകാര്യ, പ്രതിരോധ വകുപ്പുകൾ പ്രസിഡൻറ് ദിസനായകെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
മുതിർന്ന നിയമസഭാംഗം വിജിത ഹെറാത്തിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. ആനന്ദ വിജേപാലയാണ് പൊതുസുരക്ഷ- പാർലമെൻ്ററി കാര്യ മന്ത്രി. ബിമൽ രത്‌നായകെ വ്യോമയാന മന്ത്രിമാരായി ചുമതലയേറ്റു. കഴിഞ്ഞ സെപ്‌റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ മൂന്ന് മന്ത്രിമാരുമായിട്ടാണ് ശ്രീലങ്കൻ സർക്കാർ പ്രവർത്തിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടായിരുന്നു അന്ന് ഇത്തരത്തിൽ ഒരു നടപടി.















