കൊൽക്കത്ത: ടാറ്റ സ്റ്റീൽസ് ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിലും കിരീടം സ്വന്തമാക്കി ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ. രണ്ട് ദിവസം മുൻപ് അവസാനിച്ച ടാറ്റ സ്റ്റീൽ റാപിഡ് ചെസിലും കാൾസണായിരുന്നു ചാമ്പ്യൻ. യുഎസ് ഗ്രാൻഡ് മാസ്റ്റർ വെസ്‌ലി സോക്കാണ് അതിവേഗ ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം. ആദ്യം പിന്നിട്ടുനിന്നെങ്കിലും അവസാന ആറ് റൗണ്ടുകളും വിജയിച്ച് 11.5 പോയിന്റ് നേടി.
അവസാന മൂന്ന് റൗണ്ടുകൾ വിജയിച്ച് 13 പോയിന്റുകൾ നേടിയാണ് കാൾസൺ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യയുടെ അഭിമാന താരമായ പ്രജ്ഞാനന്ദ 9.5 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. 10.5 പോയിന്റുകൾ നേടിയ അർജുൻ എരിഗെയ്‌സിക്കാണ് മൂന്നാം സ്ഥാനം.
അതേസമയം വനിതാവിഭാഗം മത്സരങ്ങളിൽ ഒന്നും രണ്ടുംസ്ഥാനം സ്വന്തമാക്കിയത് റഷ്യൻ താരങ്ങളാണ്. കറ്റേരിന ലാഗ്നോ ഒന്നാമതും വലന്റിന ഗ്വിനിന രണ്ടാമതും എത്തി. ഇന്ത്യൻ താരങ്ങളായ വാന്തിക അഗർവാളും അലക്‌സാൻഡ്ര ഗോച്യാച്കിനയും മൂന്നാം സ്ഥാനം പങ്കിട്ടു.















