വിദ്യാർത്ഥികളും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരും
പൊതുവെ നേരിടുന്ന പ്രശ്നമാണ് തലവേദന. പലപ്പോഴും തലവേദന ഉണ്ടാകാനുള്ള കാരണം പോലും മനസിലാക്കാതെ വരാറുണ്ട്. കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലോ, വെയിൽ തുടർച്ചയായി അടിച്ചാലോ, ഉറക്കം ശരിയാകാതെ വരുമ്പോഴൊക്കെയാണ് തലവേദന വരുന്നത്. എന്നാൽ ചിലർക്ക് മൈഗ്രെയ്നും വില്ലനായി എത്താറുണ്ട്.
തലവേദന ഉണ്ടാകാനുള്ള കാരണം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ വലിയ ആപത്ത് തന്നെ ഉണ്ടാകാം. ടെൻഷൻ, മാനസിക സമ്മർദ്ദം എന്നിവ കാരണവും ചിലർക്ക് തലവേദന ഉണ്ടാകും. ഈ സമയത്ത് നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ടെൻഷനും മാനസിക സമ്മർദ്ദവും ഒഴിവാക്കുന്നതിന് യോഗ, വ്യായാമം എന്നിവ ശീലമാക്കാവുന്നതാണ്.
കൃത്യ സമയത്ത് ഉറങ്ങിയില്ലെങ്കിലും തലവേദന ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ സ്ഥിരമായ ഒരു സമയക്രമം ശീലമാക്കണം. തീവ്ര പ്രകാശമുള്ള ലൈറ്റുകൾ, ദുർഗന്ധം, ഉച്ചത്തിലുള്ള ശബ്ദം എന്നിവയും തലവേദനയ്‌ക്ക് കാരണമാകുന്നു. കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ ഉറപ്പാക്കുന്നതാണ് നല്ലത്.















