ചെന്നൈ: ലോട്ടറി കിംഗ് എന്നറിയപ്പെടുന്ന സാൻന്റിയാഗോ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലും നടന്ന പരിശോധനയിൽ 12.41 കോടി രൂപ പിടിച്ചെടുത്ത് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായാണ് ഇഡി പരിശോധന നടന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, മേഘാലയ, പഞ്ചാബ് എന്നിവിടങ്ങളിലായി 22 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സാന്റിയാഗോ മാർട്ടിന്റെയും മകളുടെ ഭർത്താവ് ആധവ് അർജുന്റെയും പേരിലുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന.
6.42 കോടിയുടെ സ്ഥിരനിക്ഷേപം ഇഡി മരവിപ്പിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ നിർണായക രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നും വൻ നിക്ഷേപങ്ങൾ നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.
ലോട്ടറി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 2019 മുതൽ സാന്റിയാഗോ മാർട്ടിനെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പരിശോധിച്ചിട്ടുണ്ട്. 2023-ൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സാന്റിയാഗോയുടെ പേരിലുള്ള 457 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
സാന്റിയാഗോ മാർട്ടിൻ വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചുവെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ലോട്ടറി വിപണി ഇയാൾ ഉപയോഗിച്ചിരുന്നുവെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.















