അബുദാബി: യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. ഔട്ട്പാസ് ലഭിച്ചവർ 14 ദിവസം കൊണ്ട് രാജ്യത്തിൽ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ആദ്യഘട്ടത്തിൽ പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്.
ഔട്ട്പാസ് ലഭിച്ചവർ ഡിസംബർ 31മുമ്പ് രാജ്യം വിട്ടാൽ മതിയെന്ന് അധികൃതർ അറിയിച്ചു. സർക്കാർ രേഖകളിൽ ഇവരുടെ ഔട്ട് പാസ് കാലാവധി നീട്ടിനൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യം വിടാൻ രേഖപ്പെടുത്തിയ തിയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ല. എന്നാൽ നിലവിൽ എക്സിറ്റ് പെർമിറ്റിന്റെ കാലാവധി ഡിസംബർ 31 വരെ ഉണ്ടെങ്കിലും ഏറ്റവും വേഗത്തിൽ ആളുകൾ രാജ്യം വിടണമെന്ന് ദുബായ് ജി ഡി ആർ എഫ് എ അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡയറക്ടർ ലഫ്റ്റനന്റ് സാലിം ബിൻ അലി പറഞ്ഞു അടുത്തമാസം വരെ കാത്തിരുന്നാൽ ടിക്കറ്റ് നിരക്ക് ഉയരും. പൊതുമാപ്പ് ഉണ്ടെങ്കിലും നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. .
ഒക്ടോബർ അവസാനത്തിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് പരിഗണിച്ചാണ് അധികൃതർ വീണ്ടും പൊതുമാപ്പിന്റെ സമയപരിധി ഡിസംബർ 31 വരെ നീട്ടിയത്. ഇനിയും വിസ ലംഘകർ അവരുടെ സ്റ്റാറ്റസ് ശരിയാക്കിയിട്ടില്ലെങ്കിൽ വേഗത്തിൽ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഡിസംബർ 31 ശേഷം ഇക്കാര്യത്തിൽ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും ഇത്തരക്കാരെ ജോലിക്ക് വെക്കുന്നത് വലിയ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.







