ബെംഗളൂരു : 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ പങ്കാളിയായ ഒരാൾക്കെതിരെ ചുമത്തിയ ബലാത്സംഗക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.
മുൻപ് വിവാഹിതയായിരുന്ന പരാതിക്കാരിക്ക് ആ ബന്ധത്തിൽ രണ്ടു കുട്ടികളും ഉണ്ട് . അവർ 2004-ൽ ബെംഗളൂരുവിലെത്തി ഒരു ഹോട്ടലിൽ ജോലിക്ക് ചേർന്നു. അവിടെ വച്ച് കണ്ടു മുട്ടിയ ആളുമായി അടുപ്പത്തിലാകുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു . കുറ്റാരോപിതൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായി വാദിയായ സ്ത്രീ അവകാശപ്പെടുന്നു. നല്ലൊരു ജീവിതം നൽകാമെന്ന ഉറപ്പിൽ അയാളുടെ വീട്ടിൽ താമസം തുടങ്ങിയ അവരെ തന്റെ ഭാര്യയാണെന്ന് അയാൾ എല്ലാവരോടും പരിചയപ്പെടുത്തുകയും ശാരീരികമായി ഉപയോഗിക്കുകയും ചെയ്തെന്നു ആരോപിക്കുന്നു.
എന്നാൽ അയാൾ സ്വന്തം നാട്ടിലേക്ക് പോയി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ മോശം ഭാഷയിൽ ശകാരിക്കുകയും തള്ളിപ്പറയുകയും ചെയ്തു. ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
18 വർഷത്തിലേറെയായി പുരുഷനും സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും
പരാതിയിലും എഫ്ഐആറിലും പറഞ്ഞിരിക്കുന്നത് വ്യക്തമാണെന്നും അതിനാൽ ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തി കുറ്റമാകില്ലെന്നും പ്രോസിക്യൂഷൻ റദ്ദാക്കണമെന്ന് ഹർജിക്കാരൻ (കുറ്റാരോപിതൻ) വാദിച്ചു. ഹരജിക്കാരൻ നൽകിയ വാഗ്ദാനത്തിന് പരാതിയിൽ ആരോപിക്കപ്പെടുന്ന ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള പരാതിക്കാരിയുടെ തീരുമാനവുമായി നേരിട്ടുള്ള ബന്ധമില്ലെന്ന് വ്യക്തമാണെന്നും വാദമുണ്ടായി.സംഭവം നടന്നത് 2004 മുതൽ 2023 വരെയുള്ള കാലയളവിലാണ്.18 വർഷത്തിന് ശേഷം 2023 ജൂൺ മാസത്തിലാണ് പരാതി ഫയൽ ചെയ്യുന്നത്.
കേസിൽ തുടർനടപടികൾ അനുവദിക്കുന്നത് നിയമനടപടിയുടെ ദുരുപയോഗത്തിന് കാരണമാകുമെന്ന് പറഞ്ഞുകൊണ്ട് കുറ്റാരോപിതൻ നൽകിയ ഹർജി ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ജഡ്ജി ബെഞ്ച് അംഗീകരിക്കുകയും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയും ചെയ്തു.