കൊല്ലം: രാജ്യത്തെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങും. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്. 24×7 ഓൺ ( ഓപ്പൺ ആഡ് നെറ്റ്‍വർക്ക്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്.
കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ടും ഓൺലൈനായും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡലിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. ജാമ്യമെടുക്കാൻ കക്ഷികളും ജാമ്യക്കാരും നേരിട്ട് ഹാജരാകേണ്ട. രേഖകൾ ഓൺലൈനായി അപ്‍ലോഡ് ചെയ്താൽ മാത്രം മതി. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം. പ്രതികൾക്കുള്ള സമൻസ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയയ്‌ക്കുന്നതും ഓൺലൈനായാണ്. ഏത് സമയത്തും എവിടെ ഇരുന്നും കോടതി നടപടിക്രമങ്ങളിൽ ഓൺലൈനായി പങ്കെടുക്കാം.
പൂർണ്ണമായും പേപ്പർ രഹിതമായാണ് കോടതിയുടെ പ്രവർത്തനം. കൊല്ലത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെയും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരമുള്ള ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് പരിഗണിക്കുക. ഒരു മജിസ്ട്രേറ്റും മൂന്ന് കോടതി ജീവനക്കാരുമാണ് ഇവിടെ ഉള്ളത്.















