തിരുവനന്തപുരം: ആറ്റുകാലിൽ ഫ്ലക്സ് ബോർഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയ സംഭവം അങ്ങേയറ്റം നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. മദ്രസ വിദ്യാഭ്യാസം ചെറുപ്പം മുതൽ ഉണ്ടാക്കിയെടുക്കുന്ന മാനസികാവസ്ഥയുടെ പ്രതികരണമാണിത്. മതപഠനത്തിലൂടെ കുട്ടികളിൽ ഒരു തരത്തിൽ മറ്റ് മതവിഭാഗത്തോടും രാഷ്‌ട്രത്തോടും എന്ത് വികാരമാണ് സൃഷ്ടിക്കുന്നതെന്ന് സംബന്ധിച്ച് വലിയതോതിലുള്ള ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മദ്രസ വിദ്യാഭ്യാസം മോണിറ്ററിംഗിന് വിധേയമാക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. മദ്രസയിലെ കുട്ടികളിൽ തീവ്രമതബോധം വളർത്തിയെടുത്ത്, അവരൊക്കെ മതഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലം പരിശോധിക്കപ്പെടണം. ഭാരതത്തെ കുറിച്ച് കേൾക്കുമ്പോഴും ഭാരതംബയുടെ ചിത്രം കാണുമ്പോഴും അവരുടെ മനസിൽ കടുത്ത മതവിദ്വേഷം ജനിക്കുകയാണ്. നാടിന്റെ സംസ്കാരത്തിനും രാഷ്‌ട്രത്തിനുമെതിരായിട്ടുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസയിലെ കുട്ടികൾ ചെറുപ്പം മുതൽക്കേ രാഷ്‌ട്രത്തിനെതിരായിട്ടാണ് ചിന്തിക്കുന്നത്. നാടിനെതിരെ പ്രവർത്തിക്കാനുള്ള മനോഭാവം സൃഷ്ടിക്കുന്നത് മദ്രസയോ അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിൽ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചു. പൊലീസ് വെറുതേയൊരു കേസ് ചാർജ് ചെയ്തിട്ട് കാര്യമില്ല. ആരാണ് കുട്ടികളിൽ ഇത്തരത്തിലൊരു മനോഭാവം ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ച് കാര്യമായി അന്വേഷിക്കണം. അതിന് പിന്നിൽ പ്രവർത്തിച്ച അവരുടെ അദ്ധ്യാപകർ ആരാണ്, അവരുടെ സിലബസ് എന്താണ് തുടങ്ങിയ വിഷയത്തെ കുറിച്ചൊക്കെ സമഗ്രമായി അന്വേഷിക്കണം. എന്നാൽ മാത്രമേ ഇതിനൊരു ശാശ്വതമായ പരിഹാരം ഉണ്ടാകൂവെന്നും ആർവി ബാബു പറഞ്ഞു.
ഹൈന്ദവ സംസ്കാരത്തിനെതിരായിട്ടുള്ള പ്രവർത്തനങ്ങളും അവഹേളനങ്ങളും തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നത് കേരളത്തിലാണ്. രാഷ്‌ട്ര വിരുദ്ധ ശക്തികൾക്ക് എല്ലാവിധ പിന്തുണയും ഒത്താശയും ചെയ്ത് കൊടുക്കുന്ന സംസ്ഥാനമായിട്ട് കേരളം മാറിയെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.