കാലമെത്ര കഴിഞ്ഞാലും മുട്ടോളം മുടിയുടെ അഴകും സൗന്ദര്യവുമൊന്നും മാറില്ല. സ്റ്റൈലാക്കി വച്ചാലും ഒടുവിൽ മുടിയിൽ എണ്ണ തേച്ച് നീളം വയ്പ്പിച്ചെടുക്കുന്നവർ കുറവല്ല. മുടിക്കൊഴിച്ചിലും താരനുമൊക്കെയാണ് പലരും നേരിടുന്ന പ്രശ്നം. ഇവയെ പടിക്ക് പുറത്താക്കാൻ കാലങ്ങളായി ഉപയോഗിച്ചുവരുന്ന എണ്ണകളാണ് ചെമ്പരത്തി എണ്ണയും നെല്ലിക്ക എണ്ണയും. എന്നാൽ ഇവ രണ്ടും എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്നും ഏതാണ് മെച്ചമെന്നും ചിന്തിച്ചിട്ടുണ്ടോ? ഉത്തരമിതാ..
മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്‌ക്കാനും ഈ രണ്ട് ഹെയർ ഓയിലുകളും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. താരൻ, അണുബാധ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ അകറ്റാനും നെല്ലിക്ക ചേർത്ത എണ്ണയും ചെമ്പരത്തി എണ്ണയും സഹായിക്കുന്നു.
ചെമ്പരത്തിയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നല്ലതാണ്. ആൻ്റി-ഫൺഗൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ തല ചൊറിച്ചിൽ, താരൻ എന്നിവ അകറ്റുന്നു. ചെമ്പരത്തി സത്തിൽ ലിപിഡുകൾ, ഫ്ലേവനോയ്ഡുകൾ, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള മുടിക്കും ഇത് നല്ലതാണ്. മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് മുടിക്ക് സംരക്ഷണം നൽകാനും ചെമ്പരത്തിയെണ്ണ സഹായിക്കും.
കറുത്തിരുണ്ട നീളമുള്ള മുടികൾക്ക് നെല്ലിക്ക എണ്ണ നല്ലതാണ്. ആൻറി ഓക്‌സിഡൻറുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു. തലയോട്ടിയിലെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഫോളിക്കിളുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയിഴകളുടെ കരുത്ത് വർദ്ധിപ്പിക്കുന്ന പെക്റ്റിനുകളും ഫൈറ്റോ ന്യൂട്രിയൻ്റുകളും നെല്ലിക്കാ എണ്ണയിൽ അടങ്ങിയിട്ടുണ്ട്.
ചെമ്പരത്തി എണ്ണ ഉണ്ടാക്കാം..
ചെമ്പരത്തി പൂക്കൾ കഴുകി വെയിലത്ത് വച്ച് ഈർപ്പം കളയുക. ഇത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് കാച്ചിയെടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
നെല്ലിക്കാ എണ്ണ ഉണ്ടാക്കാം..
നെല്ലിക്ക കുരു കളഞ്ഞ്, നാലായി മുറിച്ചെടുക്കുക. ഇത് വെയിലത്ത് വച്ച് ഉണക്കുക. തുടർന്ന് ഇതിലേക്ക് ഒരു കപ്പ് എള്ളെണ്ണയും ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചെറുതീയിൽ കാച്ചിയെടുക്കുക.