ചിത്രദുർഗ : അനധികൃതമായി നുഴഞ്ഞു കയറിയ 6 ബംഗ്ലാദേശ് പൗരന്മാർ പൊലീസ് കസ്റ്റഡിയിൽ. കർണാടകയിലെ ചിത്രദുർഗ നഗരത്തിലെ ഹോളൽകെരെ റോഡിന് സമീപത്ത് നിന്നാണ് അനധികൃത നുഴഞ്ഞുകയറ്റത്തിനും താമസത്തിനും 6 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തത്.
ഷെയ്ഖ് സെയ്ഫുർ റോഹ്മാൻ, മുഹമ്മദ് സുമൻ ഹുസൈൻ അലി, മസറുൾ, അസീസുൽ ഷെയ്ഖ്, മുഹമ്മദ് സാഖിബ് സിക്ദർ, സൻവർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചപ്പോൾ ബംഗ്ലാദേശ് സ്വദേശികളാണെന്ന് കണ്ടെത്തി. ഇവിടെ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശ്യത്തോടെ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായി ഇവർ പറഞ്ഞു.
ആദ്യം പശ്ചിമ ബംഗാൾ വഴി കടന്ന ഇവർ കൊൽക്കത്തയിൽ വച്ചാണ് വ്യാജ ആധാർ കാർഡുകളും മറ്റ് രേഖകളും തരപ്പെടുത്തിയത്. അവർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നു. ജോലി ആവശ്യത്തിനായി അടുത്തിടെയാണ് ഇവർ ചിത്രദുർഗ നഗരത്തിൽ എത്തിയതെന്നും വ്യാജ ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, ബാങ്ക് പാസ്‌ബുക്കുകൾ എന്നിവ സംഘടിപ്പിച്ച് കൈവശം വെച്ചതിനും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.















