ആരോഗ്യമേഖലയിൽ അത്ഭുതങ്ങൾ സംഭവിക്കുന്ന വാർത്തകൾ അത്ഭുതത്തോടെയാണ് നമ്മൾ കേട്ടിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവർ ഏറെയാണ്. അത്തരത്തിലൊരു വിസമയിപ്പിക്കുന്ന വാർത്തയാണ് ഒഡിഷയിലെ ഭുവനേശ്വർ എയിംസിൽ നിന്ന് വരുന്നത്.
1.5 മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ച 24-കാരനായ സൈനികന് ePCR നൽകി ജീവിതത്തിലേക്ക് എത്തിച്ചിരിക്കുകയാണ് എയിംസ് സംഘം. ഹൃദയസ്തംഭനം മൂലം ഗുരുതരാവസ്ഥയിലായിരുന്ന രോഗി ഒക്ടോബർ ഒന്നിനാണ് ഭുവനേശ്വറിലെ എയിംസിലെത്തിക്കുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. 40 മിനിറ്റോളം പരമ്പരാഗത സിപിആർ നൽകിയെങ്കിലും ഹൃദയം പ്രവർത്തിച്ചില്ല.
ഈ ഘട്ടത്തിലാണ് eCPR നൽകുന്നത്. അല്ലെങ്കിൽ മരണം സ്ഥിരീകരിക്കുകയാണ് ചെയ്യുക. പരീക്ഷണണമെന്നവണ്ണം ഡോക്ടർമാർ ഇസിപിആർ നൽകി. എന്നിട്ടും ഫലമൊന്നും കണ്ടില്ല. എന്നാൽ 120 മിനിറ്റിന് ശേഷം അത്ഭുതകരമായി സൈനികന്റെ ഹൃദയം മിടിച്ചു.
ഹൃദയസ്തംഭനത്തിന് 80 മിനിറ്റിന് ശേഷം 40 മിനിറ്റ് ഇസിപിആർ നൽകി. ക്രമരഹിതമാണെങ്കിലും സൈനികന്റെ ഹൃദയം മിടിക്കാൻ തുടങ്ങി. 30 മണിക്കൂറിനുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. ഈ വിജയം ഒഡിഷയുടെ മെഡിക്കൽ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ചികിത്സയ്‌ക്ക് നേതൃത്വം നൽകിയ ഡോക്ടർ ശ്രീകാന്ത് ബെഹ്റ പറഞ്ഞു. മരുന്നിന്റെ അത്ഭുതമെന്ന തലക്കെട്ടോടെ ഭുവനേശ്വർ എയിംസ് ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ജീവൻ തിരികെ ലഭിച്ച സൈനികന്റെ ചിത്രവും പങ്കിട്ടിട്ടുണ്ട്.
MIRACLE OF MEDICINE!
In a groundbreaking first for Odisha, the team @AIIMSBhubaneswr has achieved the miraculous. A 24-year-old man was brought back to life through the cutting-edge #eCPR procedure after his heart stopped for 120 minutes.@MoHFW_INDIA @JPNadda @HFWOdisha pic.twitter.com/XX54aL7JsP— AIIMS Bhubaneswar (@AIIMSBhubaneswr) November 18, 2024
ഹൃദയഘാതം വരുന്നതും ഹൃദയമിടിപ്പ് നിലയ്‌ക്കുന്ന സാഹചര്യത്തിലേക്ക് എത്തുന്നതും സാധാരണമാണ്. ഇത്തരം സാഹചര്യത്തിൽ കാർഡിയോപൾമോണറി റെസസിറ്റേഷൻ അഥവാ സിപിആർ നൽകാറുണ്ട്. തലച്ചോറിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഇത് സഹായിക്കുന്നു. ഇത് വിജയകരമാകാതെ വരുമ്പോൾ eCPR നൽകാറുണ്ട്. എക്സ്ട്രാകോർപേറിയൽ മെംബ്രൺ ഓക്സിജൻ (ECMO) എന്ന സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന നൂതന നടപടിക്രമമാണ് എക്‌സ്‌ട്രാകോർപോറിയൽ കാർഡിയോപൾമണറി റെസസിറ്റേഷൻ അഥവാ ഇസിപിആർ. ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ഓക്സിജൻ എത്തിക്കുകയാണ് ലക്ഷ്യം. സാങ്കേതികപരമായി ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണിത്. സങ്കീർണതകൾ ഏറെയുള്ള നടപടിക്രമം വിജയമായതിന്റെ സന്തോഷത്തിലാണ് എയിംസിലെ ഡോക്ടർമാർ.















