പാലക്കാട്: പൊതുമദ്ധ്യത്തിൽ സാമാന്യ മര്യാദ പോലും പാലിക്കാത്ത നേതാക്കളുടെ പെരുമാറ്റം സിപിഎമ്മിന് നാണക്കേടാകുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ. എൻ കൃഷ്ണദാസാണ് വീണ്ടും നാണക്കേട് വരുത്തിവെച്ചത്. കൽപ്പാത്തിൽ വോട്ട് ചെയ്യാൻ കൃഷ്ണദാസ് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറും അവിടെ ഉണ്ടായിരുന്നു. കൃഷ്ണദാസിനെ കണ്ട അദ്ദേഹം സാമാന്യ മര്യാദയുടെ പേരിൽ ഷേക്ക് ഹാൻഡ് ചെയ്യാൻ കൈനീട്ടിയെങ്കിലും കൃഷ്ണദാസ് മുഖം തിരിച്ച് പോകുകയായിരുന്നു.
‘‘സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപമെന്ന് സി. കൃഷ്ണകുമാർ പ്രതികരിച്ചു. ഇത്രയും സംസ്‌കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഴ്ചകൾക്ക് മുമ്പും കൃഷ്ണദാസിന്റെ മോശം പെരുമാറ്റം പാർട്ടിയെ വലിയ നാണക്കേട് വരുത്തിവെച്ചിരുന്നു. അന്ന് മാദ്ധ്യമങ്ങള്‍ ഇറച്ചിക്കഷ്ണത്തിനായി കാത്തുനില്‍ക്കുന്ന പട്ടികളെ പോലെയാണെന്ന് പറഞ്ഞത് വൻ വിവാദമായി. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മാദ്ധ്യമങ്ങൾക്ക് നേരെയാണ് അദ്ദേഹം തീർത്തും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചത്.