ധാക്ക : ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മരണകളും സ്മാരകങ്ങളും ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശിൽ തിങ്കളാഴ്ച മൂന്ന് മെഡിക്കൽ കോളേജുകളുടെ പേര് കൂടി പുനർനാമകരണം ചെയ്തു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഗോപാൽഗഞ്ചിലെ ഷെയ്ഖ് സയേറ ഖാത്തൂൻ മെഡിക്കൽ കോളേജ്, സുനംഗഞ്ചിലെ ബംഗബന്ധു മെഡിക്കൽ കോളേജ്, ഹബിഗഞ്ചിലെ ഷെയ്ഖ് ഹസീന മെഡിക്കൽ കോളേജ് എന്നിവയാണ് പുനർനാമകരണം ചെയ്യപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകൾ.
ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ അമ്മയാണ് ഷെയ്ഖ് സയേറ ഖാത്തൂൻ. ബംഗ്ലാ വിമോചന യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് ഏറെ യാതനകൾ അവർ അനുഭവിച്ചിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ-കുടുംബക്ഷേമ ഡിവിഷനു കീഴിലുള്ള മെഡിക്കൽ എജ്യുക്കേഷൻ-1 ബ്രാഞ്ച് സെക്രട്ടറി ഡോ.എം.ഡി സർവാർ ബാരി വിജ്ഞാപനത്തിൽ ഒപ്പുവച്ചു, മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു.
മൂന്ന് സ്ഥാപനങ്ങൾക്കും അതത് ജില്ലകളുടെ അടിസ്ഥാനത്തിൽ പേരുമാറ്റി.നേരത്തെ, ഒക്‌ടോബർ 30-ന് മറ്റ്പേര് മാറ്റി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ 14 ആശുപത്രികളുടെയും ആറ് മെഡിക്കൽ കോളേജുകളുടെയും പേരുകൾ സർക്കാർ ഔദ്യോഗികമായി മാറ്റിയിരുന്നു.