കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കണ്ടെത്തിയത്. തൃശൂരിലെ ധ്യാന കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ ജീവനോടെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും ജീവൻ തിരിച്ചു കിട്ടിയ പോലെയാണെന്നും ഐശ്വര്യയുടെ അമ്മ ഷീജ പറഞ്ഞു. വഴക്ക് പറഞ്ഞതിൽ മകൾക്ക് ദേഷ്യമുണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നും അവർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിൽ ഐശ്വര്യയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം ധ്യാനകേന്ദ്രത്തിലെത്തിയിട്ടുണ്ട്. വീട്ടുകാർ എത്തുന്നതോടെ ഐശ്വര്യയെ മാതാപിതാക്കൾക്ക് കൈമാറുമെന്നും മറ്റ് നടപടികൾ പൂർത്തിയാക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ 18-ാം തീയതിയാണ് ഐശ്വര്യയെ കാണാതായത്. രാവിലെ യുവതി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീന് ലഭിച്ചിരുന്നു. സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ ഓൺലൈൻ വിദ്യാർത്ഥിനിയാണ് ഐശ്വര്യ.















