തിരുവനന്തപുരം: ഒടുവിൽ സാധാരണക്കാരന്റെ ആശ്രയമായ ജയിൽ ചപ്പാത്തിക്കും വില കൂട്ടി. രണ്ടുരൂപ ഈടക്കിയിരുന്ന ഒരു ചപ്പാത്തിക്ക് ഇനിമുതൽ 3 രൂപയാണ് വില. പത്ത് ചപ്പാത്തിയടങ്ങിയ ഒരു പാക്കറ്റ് വാങ്ങാൻ ഇനി 30 രൂപ നൽകണം. മുൻപ് 20 രൂപയാണ് ഒരു പാക്കറ്റ് ചപ്പാത്തിക്ക് ഈടാക്കിയിരുന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് ജയിൽ ചപ്പാത്തിക്ക് വില വർധിപ്പിക്കുന്നത്.
വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, കോഴിക്കോട്,കൊല്ലം, എറണാകുളം ജില്ലാ ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമ്മാണം നടക്കുന്നത്. 2011 മുതലാണ് ജയിലുകളിൽ ചപ്പാത്തി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചത്. തുടക്കം മുതൽ ഒരു ചപ്പാത്തിക്ക് രണ്ട് രൂപയാണ് ഈടാക്കി വന്നിരുന്നത്.
ഗോതമ്പു മാവിന്റെ വില വർധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിക്കും വില കൂട്ടുന്നതെന്നാണ് വിശദീകരണം. ഫെബ്രുവരിയിൽ ജയിലുകളിൽ തയാറാക്കി വിൽക്കുന്ന മറ്റ് വിഭവങ്ങളുടെയും വില വർധിപ്പിച്ചിരുന്നു. ആശ്യക്കാരേറെയുള്ള ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ ബിരിയാണി എന്നിവയ്‌ക്ക് യഥാക്രമം 30 ,45 , 70 എന്നിങ്ങനെയാണ് നിലവിൽ ഈടാക്കുന്ന വില. ഇത് കൂടാതെ പ്രഭാത ഭക്ഷണങ്ങളും സ്റ്റേഷനറി പലഹാരങ്ങളും ജയിലുകളിൽ നിർമ്മിച്ച് വിൽക്കുന്നുണ്ട്.















