ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിൽ കനത്ത മഴ. രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ മേഘവിസ്‌ഫോടനമുണ്ടായി. ഇതിനെ തുടര്‍ന്ന് അതിശക്തമായ മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെട്ടത്. ബുധനാഴ്ച (ഇന്നലെ ) ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മഴ പെയ്തു. തുടർന്ന്താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പാമ്പന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ ഏകദേശം 19 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ കഴിഞ്ഞ ആറുദിവസമായി വ്യാപക മഴയാണെങ്കിലും തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ക്രമേണ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്ത് തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് തെക്കൻ ആൻഡമാനിലും സമീപ പ്രദേശങ്ങളിലും രൂപപ്പെടുന്ന ചുഴലിക്കാറ്റ് രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദമായി മാറിയേക്കാം.















