മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ മേഘനാഥന്റെ വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി നടി സീമ ജി നായർ. നടന്റേതായ ഒരു ബഹളവുമില്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കാര്യം ലൊക്കേഷനിൽ വച്ച് സംസാരിച്ചിരുന്നുവെന്നും സീമ ഫെയ്സ്ബുക്കിൽ കുറിച്ചു.
മേഘനാഥന് കാൻസറാണെന്ന് അറിഞ്ഞിരുന്നുവെന്നും എന്നാൽ അങ്ങോട്ടേക്ക് വിളിച്ച് ചോദിക്കാൻ വല്ലാത്ത മടിയായിരുന്നുവെന്നും സീമ കുറിപ്പിൽ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മേഘനാഥൻ അന്തരിച്ചത്.
സീമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിട പറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ മേഘനാഥന്റെ കാര്യം സംസാരിച്ചിരുന്നു. അത്രക്കും പാവമായിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ.
സംസാരിക്കുന്നത് പോലും അത്രക്കും സോഫ്റ്റായാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്ന് എനിക്കറിയില്ല. കാൻസർ ആണെന്ന് അറിഞ്ഞിരുന്നു. പക്ഷേ, അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്ന് വിളിക്കാൻ മടിയായിരുന്നു. കുറച്ച് നാൾക്ക് മുമ്പ് എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്. ശരിക്കൊന്ന് സംസാരിക്കാൻ പറ്റിയില്ല. ഇനി അങ്ങനെ ഒരു വിളി ഉണ്ടാകില്ലല്ലോ- സീമ ഫെയ്സ്ബുക്കിൽ കുറിച്ചു.















