ലോകത്ത് എവിടെ സഞ്ചരിക്കണമെങ്കിലും ആദ്യം വേണ്ടത് പാസ്‌പോർട്ടാണ്. നിശ്ചിത തുക ഫീസായി അടച്ച് ഓരോ രാജ്യത്ത് നിന്നും പാസ്‌പോർട്ട് സ്വന്തമാക്കാം. പല രാജ്യത്തും പല തുകയാണ് ഫീസായി ഈടാക്കുന്നത്. Compare The Market റിപ്പോർട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പാസ്‌പോർട്ട് ലഭിക്കുന്നതിനായുള്ള ചെലവ് 1,500 രൂപ മുതൽ 19,00 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കാം.
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പാസ്‌പോർട്ട് ലഭിക്കുന്നത് യുഎഇയുടേതാണ്. വെറും 1,400 രൂപ കൊടുത്താൽ പാസ്‌പോർട്ട് ലഭിക്കും. പത്ത് വർഷത്തെ കാലാവധിയാണ് ഇതിനുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 1,524.95 രൂപ മുടക്കിയാൽ ഒരു പതിറ്റാണ്ട് കാലത്തേക്കുള്ള പാസ്‌പോർട്ട് കയ്യിൽ കിട്ടും. കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളായ ഹംഗറി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും പാസ്‌പോർട്ട് ലഭിക്കാൻ തുച്ഛമായ തുകയേ വേണ്ടൂ.
മെക്സിക്കോയിലാണ് പാസ്‌പോർട്ട് എടുക്കാൻ ഏറ്റവുമധികം തുക ചെലവാക്കേണ്ടത്. റിപ്പോർട്ടുകൾ പ്രകാരം 19,481.75 രൂപയാണ് പത്ത് വർഷത്തെ കാലവധിയുള്ള പാസ്‌പോർട്ട് ലഭിക്കാൻ നൽകേണ്ടത്. ആറ് വർഷത്തെ കാലവധിയുള്ള പാസ്‌പോർട്ട് ചെലവിന്റെ കാര്യത്തിൽ നാലാമതാണ്. മൂന്ന് വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ചെലവിൽ ഒൻപതാം സ്ഥാനത്താണ്. മെക്സികോയ്‌ക്ക് പിന്നിൽ ഓസ്ട്രേലിയയാണ്. 19,041 രൂപയാണ് ഈടാക്കുന്നത്. അമേരിക്കൻ പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ 13,868 രൂപ ഫീസായി നൽകണം.















