വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടൻ മേഘനാഥൻ ഇനി ഓർമകളിൽ ജീവിക്കും. ഷൊർണൂരിലെ മേഘനാഥന്റെ തറവാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു. വീട്ടുവളപ്പിൽ അച്ഛൻ ബാലൻ കെ നായരും സഹോദരനും അന്ത്യവിശ്രമം കൊള്ളുന്ന ഭാഗത്ത് തന്നെയാണ് മേഘനാഥന്റെ സംസ്കാരവും നടന്നത്. സിനിമ- ടെലിവിഷൻ, രാഷ്‌ട്രീയ മേഖലകളിൽ നിന്നും നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.
സിനിമാ നടൻ എന്നതിലുപരി നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു മേഘനാഥൻ. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി വീട്ടിലെത്തിയത്. അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കി തീർത്ത നടനായിരുന്നു മേഘനാഥൻ.
1983 ൽ പുറത്തിറങ്ങിയ അസ്ത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. പിന്നീട് ചെങ്കോൽ, ഈ പുഴയും കടന്ന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറി. ദിലീപ് നായകനായ ഉല്ലാസ പൂങ്കാറ്റേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേഘനാഥന് പരിക്ക് സംഭവിച്ചിരുന്നു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വിവരം അറിഞ്ഞത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലായിരുന്നു അദ്ദേഹം.















