മുംബൈ: മഹാരാഷ്‌ട്രയിൽ മാഹയുതി സഖ്യം തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 288 അംഗ നിയമസഭയിൽ 178 മുതൽ 200 വരെ സീറ്റ് മഹായുതി നേടുമെന്നും മഹാവികാസ് അഘാഡി നാമമാത്രം ആകുമെന്നുമാണ് പ്രവചനം. ശിവസേന (യുബിടി), കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി (എസ്പി) എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി 82-102 സീറ്റുകൾക്കിടയിൽ ഒതുങ്ങുമെന്നാണ് സർവേ ഫലം പറയുന്നത്. ബിജെപി നേതൃത്വം നൽകുന്ന സഖ്യം 48 ശതമാനം വോട്ട് വിഹിതം നേടും.
112 സീറ്റ് മഹായുതിക്ക് ലഭിക്കുമെന്നാണ് സി- വോട്ടർ സർവേ പ്രവചിക്കുന്നത്. മഹാവികാസ് അഘാഡിക്ക് 104 സീറ്റും ലഭിക്കും. 145 സീറ്റാണ് കേവലഭൂരിപക്ഷം. ഇതോടെ മത്സരം കടുക്കുമെന്ന സൂചനയാണ് സീ-വോട്ടർ സർവേ പറയുന്നത്. 61 സീറ്റുകളിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കും. ഫലം പ്രവചനം അസാധ്യമാകും വിധത്തിലുള്ള പോരാട്ടമാണ് ഇവിടെ ഉണ്ടാവുകയെന്നും സീ- വോട്ടർ സർവേ പറയുന്നു.
P-MARQ സർവേ പ്രകാരം മാഹായുതി 137-157 സീറ്റും മഹാവികാസ് അഘാഡി 126-146 സീറ്റുകളും നേടുമെന്നാണ് പ്രവചനം. പീപ്പിൾസ് പൾസ് പ്രകാരം 195 സീറ്റ് വരെ മഹായുതി നേടും.
















