ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ യുഎസ് സുപ്രീംകോടതിയെ സമീപിച്ച് കേസിലെ പ്രതിയും പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ. തഹാവൂർ റാണയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കീഴ്‌ക്കോടതികളിലും ഫെഡറൽ കോടതികളിലും പ്രതികൂല വിധി വന്നതോടെ ഇയാൾ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. അവിടെയും തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോൾ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വ്യക്തമാക്കിയത്. തഹാവൂർ റാണയ്‌ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളിൽ വരുന്നതാണെന്ന് പാനൽ വ്യക്തമാക്കി. പാക് ഭീകരസംഘടനയ്‌ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. റാണ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും മിലൻ ഡി സ്മിത്ത്, ബ്രിഡ്ജറ്റ് ബേഡ്, സിഡ്‌നി ഫിറ്റ്‌സ്വാട്ടർ എന്നിവരടങ്ങിയ പാനൽ വ്യക്തമാക്കിയിരുന്നു.
ഈ മാസം 13നാണ് തഹാവൂർ യുഎസ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇന്ത്യയ്‌ക്ക് കൈമാറാതിരിക്കണമെന്ന ആവശ്യത്തിന്മേലുള്ള തഹാവൂർ റാണയുടെ അവസാന നിയമപോരാട്ടമാണ് ഇത്. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയോടൊപ്പം ചേർന്ന് പാക് ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് ഇയാൾ അന്വേഷണം നേരിടുന്നത്. റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടിയാൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ.















