പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പ് . ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നുവിട്ടു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പാമ്പിനെ കണ്ടത്.
സംഭവം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടാൻ ശ്രമക്കുന്നതിനിടെ പാമ്പ് കൈവരിയിൽ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടർന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.
വിഷമില്ലാത്ത ഇനത്തിൽ പെട്ട പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു . അതേസമയം, സന്നിധാനത്ത് തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . 75,000 ത്തോളം തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.















