റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഭണ്ഡർപദറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു.
വനമേഖലയിൽ നക്സലുകൾക്കായി തെരച്ചിൽ തുടരുകയാണെന്നും 10 മൃതദേഹങ്ങളും കണ്ടെടുത്തുവെന്നും ബസ്തർ ഐജി പി സുന്ദർരാജ് സ്ഥിരീകരിച്ചു. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാസേനകൾ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നു.
2024-ൽ ഇതുവരെ 257 നക്സലുകളാണ് കൊല്ലപ്പെട്ടത്. 861 പേർ അറസ്റ്റിലാവുകയും 789 പേർ കീഴടങ്ങുകയും ചെയ്തു. ബിജാപൂർ അടക്കമുള്ള ഏഴ് ജില്ലകളിലാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. ഒക്ടോബർ നാലിന് നാരായൺപൂർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ നടന്ന പ്രത്യേക ഓപ്പറേഷനിൽ 31 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.
2026-ഓടെ ഛത്തീസ്ഗഢ് പൂർണമായും നക്‌സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കൈവരിക്കുനുള്ള തീവ്ര ശ്രമത്തിലാണ് സുരക്ഷാ സേന.















