ആലപ്പുഴ: സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് തകർന്ന് വീണ് ജീവനക്കാരിക്ക് പരിക്കേറ്റതിന് പിന്നാലെ ആലപ്പുഴ സർക്കാർ കെട്ടിടത്തിലെ ശുചിമുറിയിലും അപകടം. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ടോയ്‌ലറ്റിലെ സീലിംഗാണ് ഇളകി വീണത്.
അപകടത്തിൽ നിന്നും ലീഗൽ മെട്രോളജി ജൂനിയർ സൂപ്രണ്ട് ജി.ആർ.രാജീവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോൾ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു അപകടം. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ സീലിംഗ് അടർന്നു വീഴുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു.
ഇന്നലെ ഉച്ചയ്‌ക്ക് സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. സെക്രട്ടറിയേറ്റിലെ അനക്‌സ് 1 കെട്ടിടത്തിലെ ക്ലോസറ്റാണ് പൊട്ടിവീണത്. ജീവനക്കാരിയുടെ പരിക്ക് ഗുരുതരമാണെന്നും ഇവരെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
അറ്റകുറ്റപ്പണി നടത്താതെ ശോചനീയാവസ്ഥയിലുളള സർക്കാർ ഓഫീസുകളെക്കുറിച്ച് ഉദ്യോഗസ്ഥർ നിരന്തരം പരാതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാർ ഇതിനൊന്നും ഫണ്ട് അനുവദിക്കുകയോ അറ്റകുറ്റപ്പണി നടത്താനുളള നടപടികൾ സ്വീകരിക്കുകയോ ചെയ്യാറില്ല.
മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാനും മന്ത്രിമാരുടെ സൗകര്യങ്ങൾ കൂട്ടാനുമായി സാമ്പത്തിക ഞെരുക്കത്തിനിടയിലും പണം അനുവദിക്കുമ്പോഴാണ് സർക്കാർ കെട്ടിടങ്ങൾ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടാവസ്ഥയിൽ തുടരുന്നത്.















