ഹൃദയം മാറ്റിവച്ചു, വൃക്ക മാറ്റിവയ്‌ക്കൽ ശാസ്ത്രക്രിയ എന്നൊക്കെ കേട്ട് ശീലിച്ചവരാണ് നമ്മൾ. എന്നാൽ മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ എന്ന് പറഞ്ഞാലോ? ലോകത്തിലെ തന്നെ സങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയ നടത്തി വിജയച്ചിരിക്കുകയാണ്. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. 30-കാരനായ ഡെറെക് പിഫാഫ് (Derek Pfaff) ആണ് തിരികെ ജീവിതത്തിലേക്കെത്തിയത്.
50 മണിക്കൂറിലേറെ സമയമെടുത്താണ് മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജന്മാർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ, അസിസ്റ്റൻ്റുമാർ, മറ്റ് സ്‌പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ 80-ഓളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം വഹിച്ചത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ശസ്ത്രക്രിയ നടത്തിയത്. പിഫാഫിന്റെയും ദാതാവിന്റെയും മുഖം ഡിജിറ്റലായി സംഘം സൃഷ്ടിച്ചു, എങ്ങനെയാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്ന് ഡോക്ടർമാർ മുൻകൂട്ടി പദ്ധതിയിട്ടു. ഇതിന് പിന്നാലെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
10 വർഷമായി വികൃതമായ മുഖം വച്ച് പിഫാഫിന് യാതൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 2014-ൽ സ്വയം തേക്ക് കൊണ്ട് വെടിയേറ്റതാണ് പിഫാഫിന്റെ ജീവിതം മാറി മറിയാൻ കാരണമായത്. ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടീമിലെ ക്യാപ്റ്റൻ എന്ന നിലയിലും പഠനകാര്യത്തിലും പിഫാഫ് ഒട്ടും പിന്നിലല്ലായിരുന്നു. പക്ഷേ ദൗർഭാഗ്യകരമെന്നവണ്ണമായിരുന്നു പിഫാഫ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ എങ്ങനെയാണ് തോക്ക് കിട്ടയതെന്നോ വെടിയുതിർത്തതെന്നോ പിഫാഫിന് ഓർമ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ബോധം വീണ്ടെടുത്തെങ്കിലും പിഫാഫിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. ജീവൻ തിരികെ ലഭിച്ചത് അത്ഭുതമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

മുഖത്തിന്റെ രൂപം മാറാനായി വർഷങ്ങളോളമായി 58 ഫേഷ്യൽ സർജറികളാണ് നടത്തിയത്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. മൂക്കിന്റെ രൂപഘടനയിൽ മാറ്റം വന്നതിനാൽ പിഫാഫിന് കണ്ണട വയ്‌ക്കാൻ പോലും സാധിച്ചിരുന്നില്ല. പിഫാഫിന്റെ മുഖത്തിന്റെ 85 ശതമാനത്തോളം പുനർനിർമിച്ചതായി ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ സർജൻ ഡോ. സമീർ മർഡിനി പറഞ്ഞു. ഇങ്ങനെ നിർമിച്ച രൂപം ദാതാവിന്റെ ടിഷ്യു ആയി മാറ്റി സ്ഥാപിക്കുകയായിരുന്നു. കൺപോളകൾ, താടിയെല്ലുകൾ, പല്ലുകൾ, മൂക്ക്, കവിൾത്തടങ്ങൾ, കഴുത്തിന്റെ തൊലി, എന്നിവയുൾപ്പെടെ പുരികത്തിന് താഴെയുള്ള ഒട്ടുംമിക്ക ഭാഗങ്ങളും മാറ്റിസ്ഥാപിച്ചു.
എല്ലാവരെയും സഹായിക്കണമെന്ന ചിന്തയാണ് തന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് പിഫാഫ് പറഞ്ഞു. തനിക്ക് പുതുജീവൻ നൽകിയ ദാതാവിനും ശസ്ത്രക്രിയ നടത്തിയ മയോ ക്ലിനിക്കിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 19 വർഷങ്ങൾക്ക് മുൻപാണ് ലോകത്ത് ആദ്യമായി മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായത്. ആഗോളതലത്തിൽ ഇതുവരെ 50-ലധികം പേരിലാണ് മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. 2016-ലാണ് മയോ ക്ലിനിക്കിൽ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത്.















