കുതിപ്പ് തുടർന്ന് ബിഎസ്എൻഎൽ. സെപ്റ്റംബർ മാസത്തിൽ മാത്രം എട്ട് ലക്ഷം വരിക്കാരെയാണ് ബിഎസ്എൻഎൽ സ്വന്തമാക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. തുടർച്ചയായി മൂന്നാം മാസമാണ് ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ഇതുവരെ മൊത്തം 91.89 ദശലക്ഷം വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്.
ഓഗസ്റ്റിൽ 2.5 ദശലക്ഷം പേരെയും ജൂലൈയിൽ 2.94 ദശലക്ഷം പേരെയുമാണ് ബിഎസ്എൻഎൽ ചേർത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാവായ ജിയോയ്‌ക്ക് സെപ്റ്റംബർ മാസത്തിൽ 7.9 ദശലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ഭാരതി എയർടെലിന് 1.4 ദശലക്ഷവും വിഐയ്‌ക്ക് 1.5 ദശലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ജൂലൈ മാസത്തിൽ താരിഫ് 25 ശതമാനമായി ഉയർത്തിയതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ ഒഴുക്ക് തുടങ്ങിയത്.
13.32 ദശലക്ഷം പേർ പോർട്ടിംഗ് വഴിയാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് പോർട്ടിംഗ് തകൃതിയായി നടക്കുന്നത്. മറ്റ് ടെലികോം കമ്പനികൾക്ക് തിരിച്ചടിയേകും വിധത്തിലുള്ള തയ്യാറെടുപ്പുകളാണ് ബിഎസ്എൻഎൽ നടത്തുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 4ജി ടവറുകൾ യാഥാർത്ഥ്യമാക്കി കഴിഞ്ഞു. വരുന്ന വർഷത്തോടെ 5ജി സേവനവും ആരംഭിക്കും. കുറഞ്ഞ താരിഫും ആകർഷകമായ പ്ലാനുകളുമാണ് വരിക്കാരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ.















