സിനിമാ താരങ്ങളെ ആരാധനയോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. നടൻമാരും നടിമാരും ഈ വീക്ക്നെസ് നന്നായി മുതലെടുക്കാറുമുണ്ട്. സ്വന്തം പേരിൽ കോസ്മെറ്റിക്ക് ബ്രാൻഡ് അടക്കം പുറത്തിറക്കുന്നവരുമുണ്ട്. എന്നാൽ നടൻ സഞ്ജയ് ദത്ത് തന്റെ പ്രസിദ്ധിയും കുപ്രസിദ്ധിയും പ്രയോജനപ്പെടുത്തി തിരിഞ്ഞത് മദ്യത്തിലേക്കാണ്.
ദ ഗ്ലെൻവോക്ക് എന്ന പ്രീമിയം സ്‌കോച്ച് വിസ്‌കിയാണ് സഞ്ജയ്ദത്ത് പുറത്തിറക്കിയത്. കാർട്ടൽ ആൻഡ് ബ്രോസ് ആണ് ഈ ബ്രാൻഡിനെ വിപണികളിൽ എത്തിച്ചതെങ്കിലും സഞ്ജയ് ദത്തിന്റെ മദ്യ ബ്രാൻഡായാണ് ഗ്ലെൻവാക്ക് അറിയപ്പെടുന്നുത്. ഒരു വർഷം മുമ്പാണ് ബ്രാൻഡിന്റെ ആരംഭം. നടപ്പ് വർഷത്തിൽ ആദ്യ ഏഴുമാസം കൊണ്ട് ആറുലക്ഷം കുപ്പി വിസ്‌കിയാണ് കമ്പനി വിറ്റത്.
10 സംസ്ഥാനങ്ങളിലാണ് ഈ പ്രീമിയം ബ്രാൻഡിന് മാർക്കറ്റുള്ളത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്ത് തന്നെ മദ്യം എത്തും. അടുത്തിടെ ഒരു ലിറ്ററിന്റെ ബോട്ടിൽ കമ്പനി പുറത്തിറക്കിയിരുന്നു. 200 മില്ലി ലിറ്ററിന്റെ ബോട്ടിൽ വിപണിയിലിറക്കാനും പദ്ധതിയിടുന്നുണ്ട്. ചെറിയ ബോട്ടിലൂടെ വില്പന വർദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കമ്പനി. 1,500-1,600 നിരക്കിൽ ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള വില്പന തന്ത്രമാണ് ഗ്ലെൻവാോക്കിന്റെ വിജയരഹസ്യം.















