ചായ തയ്യാറാക്കാത്ത വീടുകൾ കുറവായിരിക്കും. കുടുംബത്തിലെ ഒരംഗമെങ്കിലും ദിവസവും ചായ കുടിക്കുമെന്നതാണ് പ്രത്യേകത. ചായപ്രേമികൾ ഒരുപാടുള്ള കുടുംബമാണെങ്കിൽ ദിവസവും ഒരു ലോഡ് ചായപ്പൊടി അരിപ്പയിൽ വേസ്റ്റായി വരും. ഇതുനേരെ തെങ്ങിൻചുവട്ടിലേക്ക് പോവുകയും ചെയ്യും. എന്നാൽ ചായ അരിച്ചെടുക്കുന്ന പൊടി ഇങ്ങനെ കളയേണ്ടതില്ല. അതുകൊണ്ട് ഇമ്മിണിവലിയ കാര്യങ്ങൾ ചെയ്യാം..
വീട്ടിനകത്തും പുറത്തും വച്ചിരിക്കുന്ന സസ്യലതാധികൾക്ക് ചായപ്പൊടിയുടെ വേസ്റ്റ് വളരെ നല്ലതാണ്. ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ചായപ്പൊടിക്ക് കഴിയും. വേസ്റ്റായ ചായപ്പൊടിയിൽ 4 ശതമാനം നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും കൂടാതെ നിരവധി മൈക്രോനൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചെടിവളരുന്ന മണ്ണിന് ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ചായപ്പൊടി ഉപയോഗിച്ച് കിടിലൻ കംപോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഇതിനായി ഒരു മൺചട്ടിയിലേക്ക് വേസ്റ്റായി വരുന്ന തേയില ദിവസവും ഇടണം. അതിന് മുന്നോടിയായി ചായപ്പൊടി നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കിയിട്ടുണ്ടാകണം. അരിപ്പയിൽ നിന്ന് നേരിട്ട് കംപോസ്റ്റിലേക്ക് ഇടരുതെന്ന് അർത്ഥം. ഇങ്ങനെ ചെയ്താൽ ദുർഗന്ധം അകറ്റാം, ഒപ്പം ഉറുമ്പുകളെയും മാറ്റി നിർത്താം. ജലാംശം പരമാവധി കളഞ്ഞതിന് ശേഷം വേണം ചട്ടിയിലേക്ക് ഇടാൻ. ശേഷം ചട്ടി മൂടിവെക്കുക.
ചട്ടിയുടെ അരികുവശങ്ങളിൽ നാലോ അഞ്ചോ തുള ഉണ്ടായിരിക്കണം. വായുസഞ്ചാരത്തിന് വേണ്ടിയാണിത്. ഈർപ്പം കളഞ്ഞ് വൃത്തിയാക്കിയ ചായപ്പൊടി ചട്ടിയിലേക്ക് ദിവസവും ഇടുക. 40 ദിവസം കഴിഞ്ഞാൽ ഇതിൽ ഫംഗസ് രൂപപ്പെട്ടിട്ടുണ്ടാകും. എന്നിരുന്നാലും അതിന് മുകളിൽ വീണ്ടും ചായപ്പൊടി ഇടാം. 90 ദിവസത്തിന് ശേഷം ഈ മൺചട്ടി വെയിലത്ത് തുറന്നുവെക്കുക.
നല്ലപോലെ വെയിൽ കൊണ്ട് ചൂടായതിന് ശേഷം ഈ മിശ്രിതം മണ്ണിനൊപ്പം ചേർത്ത് ചെടികൾക്ക് ഇട്ടുനൽകാവുന്നതാണ്. ചായപ്പൊടി കംപോസ്റ്റ് ഇടുന്നതോടെ നിങ്ങളുടെ ചെടികൾ മൂന്നിരട്ടി വേഗത്തിൽ വളരും. വേസ്റ്റായി തട്ടേണ്ട ചായപ്പൊടി ഇത്തരത്തിൽ കംപോസ്റ്റാക്കി ചെടികളുടെ ചുവട്ടിൽ ഇട്ടുനൽകിയാൽ ഇതേ ചായപ്പൊടി തന്നെ നിങ്ങൾക്ക് ഫലമായും പൂക്കളായും കായ്കളായും മാറ്റാമെന്നതാണ് പ്രത്യേകത.