ന്യൂഡൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേയും നാല് സംസ്ഥാനങ്ങളിലേയും ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ, ഹോം വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അതിന് ശേഷമായിരിക്കും വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണുന്നത്. പത്ത് മണിയോടെ തെരഞ്ഞെടുപ്പിലെ ഏകദേശ ചിത്രം വ്യക്തമാകും. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിജയപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും.
മഹാരാഷ്‌ട്രയിൽ ആദ്യ ലീഡ് ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. ജാർഖണ്ഡിലും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ജനവിധി അറിയാനാണ് രാഷ്‌ട്രീയകേരളം കാത്തിരിക്കുന്നത്. വയനാട്ടിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ പ്രിയങ്ക ഗാന്ധിയാണ് മുന്നിൽ നിൽക്കുന്നത്.
അതേസമയം പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാൽ നേമത്തിന് ശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപി പങ്കുവയ്‌ക്കുന്നത്. കുറഞ്ഞത് 5000 വോട്ടുകളുടെ എങ്കിലും ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് കരുതുന്നതായി സി കൃഷ്ണകുമാർ പ്രതികരിച്ചു.















