മുംബൈ: മഹാരാഷ്‌ട്രയിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടിങ് മെഷീനെ കുറ്റം പറയുന്ന പതിവ് രീതിയുമായി പ്രതിപക്ഷം രംഗത്ത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭിക്കേണ്ടുന്ന ചില സീറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നുമാണ് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണം. മഹാരാഷ്‌ട്രയിൽ മഹായുതി നേടിയ വൻ മുന്നേറ്റമാണ് പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നത്. 288ൽ 221 സീറ്റുകളിലാണ് മഹായുതി ലീഡ് ചെയ്യുന്നത്. മഹാവികാസ് അഘാഡി വെറും 55 സീറ്റുകളിലേക്കായി ഒതുങ്ങുകയും ചെയ്തു.
എന്നാൽ ഇപ്പോൾ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കലും പൊതുജനങ്ങളുടെ തീരുമാനമല്ലെന്നും, ജനങ്ങൾ പോലും ഈ ഫലത്തെ അനുകൂലിക്കില്ലെന്നും സഞ്ജയ് റാവത്ത് പറയുന്നു. ” പല സീറ്റുകളിലും കൃത്രിമം നടന്നിട്ടുണ്ട്. ഷിൻഡെയ്‌ക്ക് 60 സീറ്റും, അജിത് പവാറിന് 40 സീറ്റും, ബിജെപിക്ക് 125 സീറ്റും കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അവർ സത്യസന്ധരാണ്.
എവിടെയോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഇതൊരിക്കലും ജനഹിതമല്ല. 120ൽ കൂടുതൽ സീറ്റുകൾ കിട്ടാൻ മഹായുതി എന്താണ് ഇവിടെ ചെയ്ത്. മഹാവികാസ് അഘാഡിക്ക് എങ്ങനെയാണ് 75 സീറ്റുകൾ പോലും കിട്ടാതെ പോയതെന്നും” സഞ്ജയ് റാവത്ത് ചോദിക്കുന്നു. ശിവസേന പിളർന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ആയതിനാൽ ഇരുപക്ഷവും അഭിമാന പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കണ്ടത്. യഥാർത്ഥ ശിവസേന ആരാണെന്ന് ഇതോടെ തെളിയുമെന്നും ഇരുകൂട്ടരും പരസ്പരം വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു.
53 സീറ്റിൽ ഷിൻഡെ പക്ഷം കരുത്ത് കാട്ടിയപ്പോൾ, ഉദ്ധവ് പക്ഷം വെറും 19 സീറ്റിലേക്ക് ഒതുങ്ങുന്ന കാഴ്ചയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചിരുന്നത്. ആക്സിസ്-മൈ ഇന്ത്യ, പീപ്പിൾസ് പൾസ്, പോൾ ഡയറി, ചാണക്യ എന്നിവ 175ലധികം സീറ്റുകൾ മഹായുതി സ്വന്തമാക്കുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടങ്ങളിൽ മാത്രം വോട്ടിങ് മെഷീന് തകരാറ് ആരോപിക്കുന്ന പ്രതിപക്ഷത്തിന്റെ പൊള്ളത്തരത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്.















