മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാവികാസ് അഘാഡി മഹാദുരന്തമായതിന് പിന്നാലെ തോൽവി സമ്മതിച്ച് പ്രധാന കക്ഷിയായ കോൺഗ്രസ്. തോൽവി സമ്മതിക്കുന്നതായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഫലങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. ഞങ്ങൾ പാഠം പഠിച്ചു. തെരഞ്ഞെടുപ്പ് നീട്ടിയതിനാൽ മഹായുതിക്ക് തയ്യാറാകാൻ കൂടുതൽ സമയം ലഭിച്ചു, സുപ്രീയ നിരാശയോടെ പറഞ്ഞു. ഞെട്ടിക്കുന്ന ഫലമെന്നാണ് ശിവസേന ഉദ്ധവ് നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ജനവിധിയിൽ വിശ്വസിക്കുന്നില്ലെന്നും റാവത്ത് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തെറ്റ് ആവർത്തിക്കാതിരിക്കാൻ മഹാരാഷ്‌ട്രക്കാർ ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ തെളിയിക്കുന്നത്. ആകെയുള്ള 288 സീറ്റിൽ 217 ലും മഹായുതിയാണ് ലീഡ് ചെയ്യുന്നത്. 58 സീറ്റുകളിൽ മഹാവികാസ് അഘാഡിയും ലീഡ് ചെയ്യുന്നുണ്ട്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
മഹായുതിയിൽ തന്നെ ബിജെപിയാണ് കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. മത്സരിച്ച 149 സീറ്റുകളിൽ ഭൂരിപക്ഷത്തിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുകയാണ്. ശിവസേന ഷിൻഡെ വിഭാഗത്തേക്കാൾ പത്ത് സീറ്റ് പിന്നിലെയാണ് ദേശീയപാർട്ടിയായ കോൺഗ്രസ്. 53 സീറ്റിലാണ് ഷിനഡെ കരുത്ത് കാട്ടിയത്. അതേസമയം ഉദ്ധവ് താക്കറെ വിഭാഗം 19ൽ ഒതുങ്ങി. വിജയം ഉറപ്പിച്ചതിന് പിന്നാലെ എക്നാഥ് ഷിൻഡെയുടെ വസതിക്ക് മുന്നിൽ ആഘോഷം തുടങ്ങി.















