ന്യൂഡൽഹി: കോൺഗ്രസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പിന്തുണക്കുന്നുവെന്ന് ബിജെപി നേതാവ് ടോം വടക്കൻ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസിനെതിരെ ടോം വടക്കന്റെ ഗുരുതരണ ആരോപണം.
നിരോധിത സംഘടനകളായ പിഎഫ്ഐയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് കോൺഗ്രസ് വയനാട്ടിൽ വോട്ട് നേടിയത്. ആര് ജയിക്കും ആര് തോൽക്കും എന്നതല്ല, പ്രധാനം. ആരുടെ പിന്തുണ നേടിയാണ് വിജയിച്ചത് എന്നതാണ് പ്രധാനം. വയനാട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യവിരുദ്ധ സംഘടനകളുടെ വോട്ടുകളാണ് കോൺഗ്രസ് നേടിയിരിക്കുന്നതെന്നും ടോം വടക്കൻ പറഞ്ഞു.
വോട്ടെണ്ണലിന്റെ അവസാനഘട്ട ഫലങ്ങൾ വരുമ്പോൾ 3,51,278 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നേടിയത്. എസ്ഡിപിഐയുടെയും പിഎഫ്ഐയുടെയും വോട്ടുകളാണ് പ്രിയങ്ക നേടിയതെന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോൾ, പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലിന്റെ വിജയത്തിന് പിന്നിലും എസ്ഡിപി- പിഎഫ്ഐ സംഘടനകളാണെന്ന വാർത്തകളും പുറത്തുവരികയാണ്.
രാഹുലിന്റെ മാങ്കുട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എസ്ഡിപിഐ ജില്ലാ നേതൃത്വമാണ് ആദ്യമെത്തിയത്. എസ്ഡിപിഐ നിലപാടിനെ പിന്തുണച്ച് വോട്ടവകാശം വിനിയോഗിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങളെന്നാണ് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.















