തൃശൂർ: കടലിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിക്ക് രക്ഷകരായത് സുഹൃത്തുക്കൾ. ഇന്ന് ഉച്ചയ്‌ക്ക് ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി ഗോകുലാണ് അപകടത്തിൽപ്പെട്ടത്.
കടലിൽ കുളിക്കുന്നതിനിടെ ഗോകുലിന് അപസ്മാരം വരികയായിരുന്നു. ഇതോടെ വിദ്യാർത്ഥി കടലിൽ മുങ്ങിത്താഴാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർത്ഥികൾ കടലിലേക്കിറങ്ങി ഗോകുലിനെ കരയിലേക്ക് വലിച്ച് കയറ്റി.
അബോധാവസ്ഥയിലായ ഗോകുലിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപായി സുഹൃത്തുക്കൾ സിപിആർ നൽകി. പിന്നീട് ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളുടെ സമയോചിത ഇടപെടലും സിപിആർ നൽകിയതും യുവാവിന്റെ ജീവന് രക്ഷയായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.