വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപങ്ങളെ നിയമപരമായി നേരിടുമെന്ന് അറിയിച്ച് ARR ടീം. അപകീർത്തികരമായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എആർ റഹ്മാൻ വ്യക്തമാക്കി. ആക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും വ്യാജ വാർത്തകളും 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് റഹ്മാന്റെ ടീം അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകുമെന്നും സംഗീതജ്ഞൻ വ്യക്തമാക്കിയിട്ടുണ്ട്.
റഹ്മാനും സൈറയും പിരിയുന്നതുമായി ബന്ധപ്പെട്ട് വിദ്വേഷകരമായ രീതിയിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വാർത്തകളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. കുറ്റകൃത്യം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവുലഭിക്കുമെന്ന മുന്നറിയിപ്പും റഹ്മാന്റെ ടീം നൽകുന്നുണ്ട്. റഹ്മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് നിറംപിടിപ്പിക്കുന്ന കഥകൾ മെനഞ്ഞ് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർമാർ, ഓൺലൈൻ മാദ്ധ്യമങ്ങൾ എന്നിവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.
നവംബർ 19നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ വാർത്ത പുറത്തുവന്നത്. സൈറ ബാനു തന്റെ അഭിഭാഷക മുഖേന വിവരം അറിയിക്കുകയായിരുന്നു. 29 വർഷത്തെ ദാമ്പത്യ ജീവിതം ഏറെ വേദനയോടെയാണ് അവസാനിപ്പിക്കുന്നതെന്നും പ്രയാസമേറിയ ഈ ഘട്ടത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സൈറ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ റഹ്മാനും വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റ് പങ്കുവച്ചു. അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.