മുംബൈ: ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ബിഗ് ബോസ് ഫെയിം അജാസ് ഖാൻ നേടിയത് 155 വോട്ടുകൾ മാത്രം.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ വെർസോവ മണ്ഡലത്തിൽ നിന്നാണ് ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും നടനുമായ അജാസ് ഖാൻ മത്സരിച്ചത്. 5.6 മില്യൺ വരുന്ന തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ വോട്ടുകളാക്കി മാറ്റുന്നതിൽ അജാസ് ഖാൻ അമ്പേ പരാജയപ്പെട്ടു. ആസാദ് സമാജ് പാർട്ടി (കാൻഷി റാം), ഭീം ആർമി എന്നിവയുടെ പൊതു സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
മണ്ഡലത്തിൽ നോട്ടയ്‌ക്ക് 1,293 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതിനേക്കാൾ വളരെ താഴെയായി 155 വോട്ടുകൾ മാത്രമാണ് അജാസ് ഖാന് ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ നടന്റെ ദുരന്തസമാനമായ പ്രകടനത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രോൾ മഴയുമായി പ്രതികരിച്ചിട്ടുണ്ട്.

എന്നാൽ ഇ വി എം തകരാറാണ് തന്റെ തോൽവിക്ക് കാരണമെന്ന് അജാസ് ഖാൻ ആരോപിച്ചു.
“എല്ലാം EVM കളിയാണ്..
വർഷങ്ങളായി മത്സരിച്ച് രാഷ്‌ട്രീയത്തിൽ നിൽക്കുന്നവർ, വലിയ പാർട്ടി, വലിയ പേരുള്ള സ്ഥാനാർത്ഥികൾ അവിടെയുണ്ട്, അല്ലെങ്കിൽ അവർക്ക് വോട്ട് വളരെ കുറവാണ്. ഞാൻ ആളുകൾക്ക് ശബ്ദം നൽകാൻ ശ്രമിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ്. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നോട് ക്ഷമിക്കൂ…”അജാസ് ഖാൻ എക്‌സിൽ പ്രതികരിച്ചു.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വെർസോവ സീറ്റിൽ ശിവസേനയുടെ (യുബിടി) ഹാറൂൺ ഖാൻ വിജയിച്ചു.















