മുംബൈ: സ്ത്രീ ശാക്തീകരണവും സംസ്ഥാന സർക്കാരിന്റെ ലഡ്കി ബഹൻ പദ്ധതിയുമെല്ലാം ചർച്ചാവിഷയമായ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചത് 363 വനിതാ സ്ഥാനാർത്ഥികൾ. ഇതിൽ വിജയിച്ച് കയറിയ 22 പേരിൽ 21 പേരും മഹായുതി സ്ഥാനാർത്ഥികളാണെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിന്റെ സ്ത്രീസൗഹൃദ നയങ്ങളുടെ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മഹാവികാസ് അഘാഡിയും മഹായുതിയും രംഗത്തിറക്കിയത് 55 വനിതാ സ്ഥാനാർത്ഥികളെയാണ്. ഇതിൽ 21 മഹായുതി സ്ഥാനാർത്ഥികൾ വിജയം നേടിയപ്പോൾ പ്രതിപക്ഷ സഖ്യത്തിലെ ഒരാൾക്ക് മാത്രമാണ് വിജയിക്കാനായത്. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചത് മുംബൈയിൽ ആണ്-39 പേർ. താനെ (33), പൂനെ (21), നാസിക് (20),നാഗ്പൂർ (16) എന്നീ മണ്ഡലങ്ങളാണ് തൊട്ടുപിന്നിൽ.
മുംബൈയിൽ മത്സരിച്ച 11 വനിതാ സ്ഥാനാർത്ഥികളിൽ നാല് പേർ മാത്രമാണ് വിജയിച്ചത്. ബിജെപിയുടെ മനീഷ ചൗധരി ദഹിസാറിലും വിദ്യാ താക്കൂർ ഗോരേഗാവിലും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ നിലനിർത്തി. രണ്ടുപേരും തുടർച്ചയായ മൂന്നാം തവണയാണ് ബിജെപി എംഎൽഎമാരാകുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 14 വനിതാ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. തന്റെ പിതാവ് നവാബ് മാലിക്കിന്റെ സീറ്റ് ഏറ്റെടുത്ത് രാഷ്‌ട്രീയ രംഗത്തേക്ക് ചുവടുവച്ച അരങ്ങേറ്റക്കാരി സന മാലിക്കും (NCP-AP) അനുശക്തി നഗറിൽ വിജയം നേടി.















