ഷിംല: ഹിമാചൽ പ്രദേശിലെ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള നഷ്ടത്തിലായ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട ഹൈക്കോടതി വിധി സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. ഉത്തരവിന് പിന്നാലെ കോർപ്പറേഷൻ ചെയർമാനായ ആർ.എസ് ബാലിയെ മാറ്റണമെന്ന് കോർപ്പറേഷനിലെ ജീവനക്കാർ ആവശ്യപ്പെട്ടു. കോർപ്പറേഷന് കീഴിലുളള ഹോട്ടലുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകാനുളള ഗൂഢാലോചനയാണിതെന്നും ജീവനക്കാർ ആരോപിക്കുന്നു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നിരവധി ഹോട്ടലുകൾ നഷ്ടത്തിലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടത്. 18 ഹോട്ടലുകൾ അടച്ചുപൂട്ടാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതിൽ ഒമ്പത് ഹോട്ടലുകൾ മാർച്ച് വരെ പ്രവർത്തിക്കാൻ കോടതി പിന്നീട് അനുമതി നൽകുകയും ചെയ്തു.
അതിഥികളുടെ താമസ വിവരങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, പാർട്ടി പരിപാടികൾ, ദിവസേന എത്തുന്ന സന്ദർശകർ, ഷൂട്ടിംഗ് തുടങ്ങിയ മറ്റ് വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കിയിട്ടില്ലെന്നും ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ജീവനക്കാരുടെ യൂണിയനായ കരംചാരി സംഘ് പ്രസിഡന്റ് ഹുക്കും റാം ചൂണ്ടിക്കാട്ടി.
ഹോട്ടലുകൾ അടച്ചുപൂട്ടാതെ സംരക്ഷിക്കാൻ കോർപ്പറേഷന് 50 കോടി രൂപയുടെ ഗ്രാന്റ് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. നവംബർ 25 നകം ഹോട്ടലുകൾ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.