ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രമാണ് അമരൻ . റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ഈ ശിവകാർത്തികേയൻ ചിത്രം . രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്.
ഈ വിജയത്തിളക്കത്തിൽ നിന്നാണ് ഗോവയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ശിവകാർത്തികേയൻ എത്തിയത് .പനാജിയിലെ അക്കാദമി ഓഫ് ആർട്‌സ് ഓഡിറ്റോറിയം നിറഞ്ഞ കരഘോഷത്തോടെയാണ് താരത്തെ സ്വീകരിച്ചത് . ഖുശ്ബു സുന്ദറുമായി നടന്ന സംവാദത്തിനിടെ തന്റെ അഭിനയജീവിതത്തെ കുറിച്ചും ശിവകാർത്തികേയൻ മനസ് തുറന്നു.
ഇതുവരെയുള്ള സിനിമാജീവിതത്തിൽ കരുത്തായത് ക്ഷമയും ശക്തമായ ആത്മവിശ്വാസവുമാണെന്ന് ശിവകാർത്തികേയൻ പറഞ്ഞു. ‘ സിനിമ എന്റെ പാഷനാണ്. പ്രേക്ഷകരെ രസിപ്പിക്കാനാണ് എപ്പോഴും ആഗ്രഹം . ടെലിവിഷൻ അവതാരകനായാണ് സ്ക്രീനിനു മുന്നിൽ എത്തിയത്. മിമിക്രി കലാകാരനായിരുന്നു ഞാൻ . എൻജിനീയറിങ് കോളേജിലെ എന്റെ പ്രൊഫസറെ ഞാൻ അനുകരിക്കാറുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ഇത് കണ്ടപ്പോൾ ഞാൻ ക്ഷമ പറഞ്ഞു . പക്ഷെ ഈ കഴിവ് വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറഞ്ഞ് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.
അച്ഛന്റെ ആകസ്മിക വിയോഗത്തിന് ശേഷം ഞാൻ ഏറെക്കുറെ വിഷാദാവസ്ഥയിലായി . അഭിനയം എന്നെ ഈ വിഷാദത്തിൽ നിന്ന് കരകയറ്റി. സദസ്സിന്റെ വിസിലുകളും കരഘോഷവും എന്റെ ചികിത്സയായി. ജീവിതത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടാകും. എന്നാൽ ഈ തടസ്സങ്ങളെ മറികടക്കാൻ പാഷൻ സഹായിക്കും .
അഭിനയം ഉപേക്ഷിക്കണമെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു, പക്ഷേ പ്രേക്ഷകരുടെ സ്നേഹം എന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു.എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കുടുംബമാണ് എനിക്ക് എല്ലാം , വേരുകളുമായി ബന്ധം പുലർത്തുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ മാതാപിതാക്കൾ നമുക്ക് നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ ‘ -ശിവകാർത്തികേയൻ പറഞ്ഞു















