മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ എൻ സിപി ഗ്രൂപ്പിനൊപ്പം രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിർമാൺ സേനയും പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും തറപറ്റി.
എംഎൻഎസ് 125 സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ വിബിഎയ്‌ക്ക് 200 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എം എൻ എസ് തലവന്റെ മകൻ അമിത് താക്കറെ മുംബൈയിലെ മാഹിം സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കടുത്ത അടിയായി
2008-ൽ എംഎൻഎസ് ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് എം എൻ എസ്സിന് ഒരു സീറ്റ് പോലും ലഭിക്കാതെ പോയത്. 2009-ൽ, “രാജ് താക്കറെയുടെ പാർട്ടി മഹാരാഷ്‌ട്ര നിയമസഭയിൽ 13 എംഎൽഎമാരെ നേടിയിരുന്നു. അന്ന് അവർ 143 സീറ്റിലാണ് മത്സരിച്ചത്.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസ് 219 സ്ഥാനാർത്ഥികളെ നിർത്തി . അതിൽ 218 മണ്ഡലങ്ങളിൽ പരാജയപ്പെട്ടു. 2019ൽ 101 സീറ്റിൽ മത്സരിച്ച് ഒരു എംഎൽഎയാണ് ലഭിച്ചത്. 2024-ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് രാജ് താക്കറെയുടെ എംഎൻഎസിന് എക്കാലത്തെയും മോശം ഫലമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ എം എൻ എസ്സിന് കൂടുതൽ മോശമാണ്. ഇതേവരെ ഒരാളെ പോലും ലോക്‌സഭയിലേക്ക് അയക്കാൻ എംഎൻഎസിന് കഴിഞ്ഞിട്ടില്ല. 2019ലും 2024ലും ലോകസഭാ തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചില്ല.ഇക്കുറി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 1.57% മാത്രമാണ് അവർക്ക് നേടാനായത്.
ഡോ. ബി.ആർ. അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കർ രൂപീകരിച്ച വഞ്ചിത് ബഹുജൻ അഘാഡി എന്ന ജാതി അധിഷ്ഠിത രാഷ്‌ട്രീയപാർട്ടി മഹാരാഷ്‌ട്രയിൽ തറപറ്റി. മഹാരാഷ്‌ട്രയിൽ ജാതി രാഷ്‌ട്രീയത്തിന് യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.















