മുംബൈ: കനത്ത പരാജയത്തിന് പിന്നാലെ മഹാവികാസ് അഘാഡിയിൽ വൻ പൊട്ടിത്തെറി. സഖ്യകക്ഷികൾ തമ്മിലുള്ള അനൈക്യമാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ജി പരമേശ്വര കുറ്റപ്പെടുത്തി. കർണാടക ആഭ്യന്തര മന്ത്രിയാണ് അദ്ദേഹം.
ശക്തി കേന്ദ്രമായിരുന്ന വിദർഭയിൽ 50-ലധികം സീറ്റുകൾ ലഭിക്കുമെന്നായിരുന്നു കണക്കൂട്ടൽ . എന്നാൽ 8 സീറ്റ് മാത്രമാണ് ലഭിച്ചത്. പല മണ്ഡലങ്ങളിലും കോൺഗ്രസിന് ശിവസേനയുടെ (ഉദ്ധവ് വിഭാഗം) പിന്തുണ ലഭിച്ചില്ല. ഉദ്ധവിന്റെ പാർട്ടിയുടെ പൊതു സമീപനവും ഇതുതന്നെയായിരുന്നു. എൻസിപിയും (ശരദ് പവാർ വിഭാഗം) വേണ്ടത് പോലെ സഹകരിച്ചില്ല. സഖ്യത്തിന്റെ ഭാഗമാകുമ്പോൾ സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കേണ്ടത് ശിവസേനയുടെ ഉത്തരവാദിത്തമാണ്. പലയിടത്തും അവർ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ല. എൻസിപിയുടെ പ്രചരണവും മോശമായിരുന്നുവെന്നും പരമേശ്വര കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിൽ 288 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ മഹാവികാസ് അഘാഡി പരിതാപകരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 230 സീറ്റുകളിലും ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മുന്നേറി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ വിമർശനം.















