മുംബൈ: 60 വർഷത്തിനിടെ പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര നിയമസഭ. 288 സീറ്റിൽ 29 സീറ്റ് നേടുന്ന പാർട്ടിക്കാണ് പ്രതിപക്ഷ നേതാവിനായി ആവശ്യം ഉന്നയിക്കാൻ സാധിക്കൂ. എന്നാൽ, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാർട്ടിയും 29 സീറ്റ് തികച്ചില്ല.
ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയാണ് പ്രതിപക്ഷ നേതൃനിരയിലെ വലിയ കക്ഷി. അവർ ആകെ നേടിയത് 20 സീറ്റുകളാണ്. സഖ്യത്തിലെ മറ്റ് കക്ഷികളായ കോൺഗ്രസ് 16 സീറ്റും ശരദ് പവാർ പക്ഷം എൻസിപി 10 സീറ്റുമാണ് നേടിയത്. സഖ്യകക്ഷികളുടെ ആകെ സീറ്റുകൾ പരിഗണിച്ചാൽ 29 എന്ന ലക്ഷ്യത്തിലെത്താമെങ്കിലും പ്രതിപക്ഷ നേതാവ് എന്ന പദത്തിലേക്ക് സഖ്യകക്ഷികളുടെയാകെ സീറ്റുകൾ പരിഗണിക്കപ്പെടില്ല.
ആന്ധ്രപ്രദേശ്, മണിപ്പൂർ, സിക്കിം, ഗുജറാത്ത് തുടങ്ങിയ നാല് സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാവില്ല. രണ്ടാം നരേന്ദ്രമോദി സർക്കാറിലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. 16-ാം ലോക്‌സഭയ്‌ക്ക് സമാനമായി 15-ാമത് മഹാരാഷ്‌ട്ര നിയമസഭയും പ്രതിപക്ഷ നേതാവില്ലാതെ പ്രവർത്തിക്കേണ്ടി വരും.
ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 26-ന് അവസാനിക്കും. മഹായുതി 233 സീറ്റുകളാണ് നേടിയത്. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന ഷിൻഡെ വിഭാഗം 57 ഉം എൻസിപി അജിത് കുമാർ വിഭാഗം 41ഉം സീറ്റുകളും കരസ്ഥമാക്കി.















